2010, ഫെബ്രുവരി 21, ഞായറാഴ്‌ച

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണവും സംശയങ്ങളും - 1

ചെമ്പരിക്ക മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സത്യം എത്രത്തോളം വിജയിക്കും എന്ന കാര്യം ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയുന്നില്ല. നാട്ടുകാരില്‍ ഒരു വിഭാഗം മരണം ഉറപ്പായും ഒരു കെലപാതകമാണെന്ന് സംശയിക്കുമ്പോള്‍ മറ്റൊരു വിഭാഗം മറിച്ച് ചിന്തിക്കുന്നു. പോലിസ് ആകട്ടെ ഇതൊരു അപകട മരണമാണെന്ന നിഗമനത്തിലേക്കാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അതിന് പോലീസ് ഉപോല്‍ബലകമായി ചൂണ്ടിക്കാട്ടുന്നത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ്. ഖാസിക്ക് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലയെന്ന ഒറ്റ കാരണമാണ് കെലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കാന്‍ നാട്ടുകാരില്‍ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത്.



ഖാസിക്ക് ചെമ്പരിക്ക കടുക്ക കല്ലിന് മുകളില്‍ സാധാരണരീതിയില്‍ കയറാന്‍ കഴിയില്ലെന്ന് നാട്ടുകാരില്‍ ഭൂരിഭാഗവും പറയുന്നത് ശരിയാണെന്ന് അവിടെ ചെന്ന എതൊരാള്‍ക്കും ബോധ്യപ്പെടും. എന്നാല്‍ ഖാസിയുടെ വടിയും, ടോര്‍ച്ചും, ചെരിപ്പും കണ്ടെത്തിയ കല്ലിന് മുകളില്‍ നിന്ന് തന്നെ ഖാസി വീണതാകാന്‍ വഴിയില്ല. കല്ലില്‍ മുകളില്‍ നിന്നാണ് വീണതെങ്കില്‍ ഖാസിയുടെ ശരീരം കീറിമുറിയുമായിരുന്നു. പാറപ്പുറത്തെ കുര്‍ത്ത 'മുരു' ശരീരത്തില്‍ എവിടെയും കൊണ്ടതായി കാണുനില്ല. കല്ലിന് മുകളില്‍ അഴിച്ച് വെച്ചതായി പറയുന്ന ഖാസിയുടെ ഊന്ന് വടിയും, ടോര്‍ച്ചും, ചെരിപ്പും മറ്റാരെങ്കിലും അവിടെ കൊണ്ട് വെച്ചതാകാനുള്ള സംശയവും തള്ളികളയാനാകില്ല. ചില മത പണ്ഡിതന്മാര്‍ക്ക് അപൂര്‍വ്വ സമയങ്ങളില്‍ പ്രത്യേക ആത്മ ചെതന്യം ലഭിക്കാറുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേക ശക്തിയും ഊര്‍ജ്ജവും ഓജസ്സും കൈവെരുന്നതായി പണ്ഡിത സമൂഹം തന്നെ പറയുന്നുണ്ട്.



തീരെ കിടപ്പിലായവര്‍ പോലും ഇത്തരം ഘട്ടത്തില്‍ എഴുന്നേറ്റ് നടക്കാറുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നവരുണ്ട്. ഖാസിക്ക് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന് പറയുന്നതിലും രണ്ട് അഭിപ്രായമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഏതാനും അടി ദുരം ഖാസി നടന്ന് പോകാറുണ്ടായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് സമാപിച്ച മാലിക് ദിനാര്‍ ഉറൂസ് സ്ഥലത്ത് ഖാസി കുറച്ച് ദൂരം തനിയെ നടന്നത് പലരും കണ്ടിരുന്നു. വീട്ടിനകത്തും നടക്കുന്നതിന് ഖാസിക്ക് പ്രയാസമെന്നുമുണ്ടായിരുന്നില്ല. ഒരു കാല്‍ മുട്ടിന് വേദന ഉള്ളത് കൊണ്ടാണ് ഖാസി പരസഹായത്തോടെ നടക്കുന്നത്. പരസഹായമില്ലാതെ നടക്കുമ്പോഴാണ് കൂടുതലും വടി ഉപയോഗിക്കാറുള്ളത്. ഖാസി പ്രശസ്തനായ ഗോള ശാസ്ത്ര പണ്ഡിതനാണ്. ഇന്ത്യന്‍ സ്റ്റാന്റേഡ് സമയവും, നമസ്ക്കാര സമയവും തമ്മിലുള്ള അന്തരവും മറ്റുമടങ്ങുന്ന ചാര്‍ട്ട് തന്നെ ഖാസി തയ്യാറാക്കാറുണ്ട്. മരണം നടക്കുനതിന് തലേ ദിവസം ഖസി സി.എം. അബ്ദുല്ല മൗലവി പിതാവായ ഖാസി സി.മുഹമ്മദ് കുഞ്ഞി മുസ്ലിയാറുടെ ഖബറടത്തില്‍ മണിക്കൂറോളം സിയാറത്ത് നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. സഫര്‍ 29ന് രാത്രിയില്‍ ചില മഹല്ലുകളില്‍ റബീഉല്‍ അവ്വല്‍ ഒന്നായി കണക്കാകി മൗലീദ് പാരായണം നടന്നിരുന്നു. മാസപ്പിറവി ഉറപ്പാക്കാന്‍ ഖാസിയെ പലരും ഫോണ്‍ വിളിച്ചതായും വ്യക്തമായിട്ടുണ്ട്. മരണത്തിന് തലേ ദിവസം ചെമ്പരിക്ക ജമാഅത്ത് സെക്രട്ടറി അബ്ദുല്ല കുഞ്ഞി ഹാജിയെ വിളിച്ച് കടപ്പുറത്ത് നിരീക്ഷണം നടത്താനും മാസപ്പിറവി ദൃശ്യമായാല്‍ അക്കാര്യം അറിയിക്കാനും കാലേക്കൂട്ടി എര്‍പ്പാട് ചെയ്തിരുന്നു.



പഞ്ചായത്ത് മെമ്പറും ഖാസിയുടെ ബന്ധുകൂടിയുമായ മജീദ് ചെമ്പരിക്കയോട് ഇന്‍കംടാക്സ് രേഖകള്‍ ആവശ്യപ്പെട്ടിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാ കാര്യത്തിലും കണിശത പുലര്‍ത്തുന്ന ഖാസിയെ ആരെങ്കിലും അസമയത്ത് ഒരാള്‍ വാതി മുട്ടിവിളിച്ചാല്‍ കൂടെ പോകുമെന്ന് കരുതാന്‍ സാധിക്കില്ല. അടുത്ത ആള്‍ ആരെങ്കിലും വിളിക്കാതെ ഖാസി വാതില്‍ തുറക്കാറില്ല. അപരിചിതരായ ആരെങ്കിലും കണാന്‍ എത്തുകയാണെങ്കില്‍ ജനലിലൂടെ കാര്യങ്ങള്‍ അന്വേഷിക്കുകയും പറയുകയുമാണ് ചെയ്തിരുന്നത്. ഖാസിയെ ആരെങ്കിലും വാതിലൊ കോളിങ്ങ് ബെല്ലൊ ഉപയോഗിച്ച് വിളിച്ചുണര്‍ത്തി കൂട്ടികൊണ്ടു പോയതായതായി വീട്ടുകാരൊ കാര്‍ ഷെഡിന് അടുത്തുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവര്‍ ആദൂര്‍ സ്വദേശി ഉസ്മാനോ അറിവില്ല. ഖാസി സുബ് ഹി നമസ്ക്കാരത്തിന് അടുത്ത കാലത്തായി പള്ളിയില്‍ പോകാറില്ല. വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിന്നും പ്രത്യേക പരിപാടികളുള്ള ദിവസങ്ങളിലും മാത്രമേ പള്ളിയില്‍ പോകാറുള്ളൂ. മുമ്പ് വീട് പുറത്ത് നിന്ന് പൂട്ടി പുലര്‍ച്ചെ നടക്കുന്ന സ്വഭാവം ഖാസിക്കുണ്ടായിരുന്നു. കടല്ക്കകരയിലൂടെ തന്നെയായിരുന്നു നടത്തം. ഈ നടത്തം അവസാനിച്ചിട്ട് ആറ് മാസമെങ്കിലും പിന്നിട്ടിട്ടുണ്ടാകും.



ശാരീരിക അവശതയായി പറയാനുള്ളത് കാല്‍മുട്ടിലെ വേദന മാത്രമാണ്. ചിന്തയിലും, പ്രവൃ‍ത്തിയിലും, ഓര്‍മ്മ ശക്തിയിലും മരിക്കുന്നത് വരെ ഖാസിക്ക് ഒരു തകരാറും ഉണ്ടായിരുന്നില്ല. ഖാസിക്ക് എത്ര കണ്ണടയാണുള്ളതെന്ന് അദ്ദേഹത്തിന് മാത്രമേ അറിവുള്ളൂ. ഉപയോഗിച്ച് വന്നിരുന്ന രണ്ട് കണ്ണടകള്‍ മുറിയില്‍ തന്നെയുണ്ട്. കണ്ണട ധരിച്ചാണോ, ധരിക്കാതെയാണോ ഖാസി പോയതെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. കല്ലിനടുത്ത് നിന്നും കണ്ണട കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. കല്ലിന് മുകളില്‍ നിന്ന് ഊന്ന് വടിക്കും ചെരിപ്പിനുമൊപ്പം കണ്ടെത്തിയ ടോര്‍ച്ച് ഖാസിയുടെതാണോ എന്ന സംശയമാണ് പ്രധാനമായും ഉയര്‍ന്ന് വന്നിട്ടുള്ളത്. ഗള്‍ഫിലുള്ള മകന്‍ ഷാഫി രണ്ട് ടോര്‍ച്ച് ഖാസിക്ക് അയച്ച് കൊടുത്തിരുന്നു. ഇതില്‍ ഒന്ന് ചട്ടഞ്ചാല്‍ എം.ഐ.സിയില്‍ നല്‍കിയിരുന്നു. മറ്റൊന്ന് ഖാസിയുടെ കൈവശമായിരുന്നു. കൈവശമുണ്ടായിരുന്ന ഈ ടോര്‍ച്ച് തന്നെയാണോ കടുക്ക കല്ലില്‍ കണ്ടെത്തിയ നികായി ബ്രാന്റിലുള്ള ടോര്‍ച്ചെന്ന് ഇനിയും വ്യക്തമായിട്ടില്ല.



ഇനി ചെമ്പരിക്കയിലെ അത്തച്ച ഒരു വെള്ളുത്ത കാര്‍ പുലര്‍ച്ചെ 3.10ന് വരുന്നത് കണ്ടുവെന്ന് പറയുന്നുണ്ട്... അതേകുറിച്ച് അടുത്ത ദിവസം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ