2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

സി.എം.അബ്‌ദുല്ല മൗലവിയുടെ കഴുത്തിലെ എല്ലുകള്‍ പൊട്ടിയതായി പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌

കാസര്‍കോട്‌: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ കഴുത്തിന്റെ എല്ലുകള്‍ പൊട്ടിയതുള്‍പ്പെടെ നാല്‌ പരിക്ക്‌ ഉണ്ടായിരുന്നതായും ആ പരിക്കുകള്‍ മരണം സംഭവിക്കുന്നതിന്‌ മുമ്പ്‌ ഉണ്ടായിരുന്നതായും പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ പ്രൊഫ. ഗോപാലകൃഷ്‌ണ പിള്ള ബേക്കല്‍ പോലീസിന്‌ നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം അറിയിച്ചിട്ടുള്ളത്‌.

പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കി സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന്‌ സമഗ്രവും ശാസ്‌ത്രീയവുമായ അന്വേഷണം അനിവാര്യമാണെന്ന്‌ കാസര്‍കോട്‌ ജില്ലാ ലോയേഴ്‌സ്‌ ഫോറം പ്രസിഡണ്ട്‌ അഡ്വ. സി.എന്‍. ഇബ്രാഹിമും ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ഖാലിദും ആവശ്യപ്പെട്ടു.

മരണപ്പെട്ട ഖാസി കേരളത്തിലും കര്‍ണാടകയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്‌.ഇത്തരം സംഭവത്തില്‍ പ്രാഥമികമായും പോലീസ്‌ എടുക്കേണ്ട തെളിവുകള്‍ എടുക്കുന്ന കാര്യത്തില്‍ പോലീസിന്‌ വീഴ്‌ച പറ്റിയിട്ടുണ്ട്‌. സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. സി.ബി.ഐ. പോലുള്ള ഉന്നത ഏജന്‍സിക്ക്‌ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ