2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

സി.എം. അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന്‌ സംശയം: നാസര്‍ ഫൈസി കൂടത്തായി

കാസര്‍കോട്‌: സമസ്‌ത ജംഇയത്തുല്‍ ഉലമ വൈസ്‌ പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായ സി.എം. അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന്‌ സംശയിക്കുന്നതായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി കാസര്‍കോട്‌ പ്രസ്‌ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മൃതദേഹത്തിന്‌ സമീപത്തു നിന്നും കണ്ടെത്തിയ ടോര്‍ച്ച്‌ അദ്ദേഹത്തിന്റേതല്ലെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. സ്വഭാവിക മരണമാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ പോലീസ്‌ നീക്കം നടത്തുന്നത്‌ ആപത്‌ക്കരമാണ്‌. ആശയപരമായി മതസംഘടനകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായി കൊലപാതകമാകാനുള്ള സാധ്യതയുണ്ടെന്നും ഇക്കാര്യം അന്വേഷിച്ച്‌ വസ്‌തുത പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലപാതകത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച സംഘടന ഏതാണെന്ന്‌ വ്യക്തതമായ ഉത്തരം നല്‍കാതെ മറുഗ്രൂപ്പിനെതിരെയുള്ള സൂചനകള്‍ നല്‍കാനാണ്‌ നാസര്‍ ഫൈസി കൂടത്തായി തയ്യാറായത്‌. പ്രമുഖ പണ്ഡിതനായ അബ്ദുല്ല മൗലവിയുടെ മരണം വിവാദങ്ങളിലേക്ക്‌ വലിച്ചിഴക്കപ്പെടണമോയെന്ന ചോദ്യത്തിന്‌ കൊലപാതകമാണോയെന്ന സംശയം വിവാദമാക്കാതിരിക്കുകയാണോ വേണ്ടതെന്ന മറു ചോദ്യമാണ്‌ അദ്ദേഹം ഉന്നയിച്ചത്. തികച്ചും അനാരോഗ്യവാനും, പരാശ്രിതനുമായ അബ്ദുല്ല മൗലവിയുടെ മയ്യത്ത്‌ കണ്ടെത്തിയ സ്ഥലവും സ്വാഭാവിക മരണമാണെന്ന്‌ ധരിക്കാന്‍ പ്രായാസമുണ്ടെന്നും അന്വേഷണം പെട്ടന്ന്‌ അവസാനിപ്പിച്ച്‌ സ്വാഭാവിക മരണമാക്കാനുള്ള പോലീസിന്റെ തത്രപ്പാട് സംശയാസ്‌പദമാണ്‌. അന്വേഷണം ഊര്‍ജ്ജിതമാക്കി എത്രയുംപെട്ടന്ന്‌ ദുരൂഹത നീക്കണമെന്ന്‌ നാസര്‍ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട്‌ അബൂബക്കര്‍ സാലൂദ്‌ നിസാമി, ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി ജഡിയാര്‍, വര്‍ക്കിംഗ്‌ സെക്രട്ടറി ഹാരിസ്‌ ദാരിമി ബദിര, ജില്ലാ വൈസ്‌ പ്രസിഡണ്ടുമാരായ റഷീദ് ബെളിഞ്ചം, റസാഖ്‌ ദാരിമി, സത്താര്‍ ചന്തേര, ശുഹൈബ്‌ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ