2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ഖാസിയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കണം: എസ്‌.ടി.യു

ഖാസിയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കണം: എസ്‌.ടി.യു
കാസര്‍കോട്‌: കേരളത്തിലെ പ്രമുഖ മതപണ്‌ഡിതനും സമസ്‌തയുടെ വൈസ്‌ പ്രസിഡണ്ടും ചെമ്പിരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്‌ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്ത്‌ കൊണ്ടുവരാന്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന്‌ എസ്‌.ടി.യു. ജില്ലാ പ്രസിഡണ്ട്‌ എ.അബ്‌ദുല്‍ റഹ്‌മാനും ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ്‌അഷ്‌റഫും ആവശ്യപ്പെട്ടു. ഖാസിയുടെ മരണം നടന്നയുടനെ ജനശ്രദ്ധ തിരിച്ചുവിടാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ നീക്കം ഏറ്റെടുത്ത്‌ പോലീസും ചില മാധ്യമങ്ങളും നടത്തിയ വ്യാജ പ്രചാരണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

യാതൊരു വിവാദങ്ങള്‍ക്കുമിടനല്‍കാതെ ഉന്നത സ്ഥാനത്തിരുന്നിട്ടും എളിമയോടെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌ത സി.എം.അബ്‌ദുല്ല മൗലവിയുടെ ദുരൂഹ മരണം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്‌. മരണം സംഭവിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇത്‌ സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍കുന്നുവെന്നതല്ലാതെ ഫലപ്രദമായ യാതൊരുവിധ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ല. ഇത്‌ പല സംശയങ്ങള്‍ക്കും ഇട നല്‍കുകയാണ്‌.

ഈ സാഹചര്യത്തില്‍ സി.എം.അബ്‌ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്തുന്നതിന്‌ ജില്ലക്ക്‌ പുറത്തുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ എസ്‌.ടി.യു. നേതാക്കള്‍ മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും അയച്ച ഫാക്‌സ്‌ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ