2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

സുന്നീ ഐക്യം: സി.എം ഉസ്‌താദിന്റെ സഫലമാകാത്ത സ്വപ്‌നം
2009 ഡിസംബര്‍ 11 രാവിലെ 7 മണി
സ്ഥലം ചെമ്പരിക്കയിലെ സി.എം അബ്‌ദുല്ല മൗലവിയുടെ വീട്ടു വരാന്ത
ഖാസി. സി.എം. അബ്‌ദുല്ല മൗലവി പഴയ മരക്കസേരയില്‍ ഇരിക്കുന്നു.
സലാം ചൊല്ലിയപ്പോള്‍ പുഞ്ചിരിയോടെ സലാം മടക്കി ഇരിക്കാന്‍ പറഞ്ഞ്‌ നാട്ടിലെ വിശേഷങ്ങള്‍ അന്വേഷിച്ചറിഞ്ഞശേഷം വരവിന്റെ ഉദ്ദേശം ഉസ്‌താദിന്റെ ചരിത്രം അറിയാനെന്നറിയിച്ചപ്പോള്‍ ഉത്സാഹത്തോടെ വീടിനകത്തേക്ക്‌ പോയ സി.എം. ഉടന്‍ തന്നെ ഒരു ഫയലും ചെറിയൊരു ഡയറിയുമായാണ്‌ വന്നത്‌.
കസേരയിലിരുന്ന്‌ വിടര്‍ന്ന ചിരിയാടെ, എന്താണ്‌ അറിയേണ്ടത്‌ ?.
ജനനം മുതല്‍ തുടങ്ങി ജീവിതത്തിന്റെ ഒട്ടുമിക്ക മേഖലകളെകുറിച്ചുളള ചോദ്യങ്ങള്‍ക്കും വിശദമായ മറുപടി.
പഠനം, ഖാസി സ്ഥാനം, യാത്രകള്‍, മത ഭൗതിക സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ വരെയുളള നരവധി കാര്യങ്ങള്‍ക്കിടയില്‍ ജീവിതത്തിലെ ഏററവും ദു:ഖം നിറഞ്ഞ സംഭവമെന്തന്ന ചോദ്യത്തിന്‌ ഒററയടിക്ക്‌ ലഭിച്ച ഉത്തരം സുന്നത്ത്‌ ജമാഅത്തിലെ ഭിന്നിപ്പുണ്ടായതാണ്‌ എന്റെ ജീവിതത്തിലെ ഏററവും വലിയ വേദനെയെന്നായിരുന്നു.
ജീവിതത്തിലെ ഏററവും വലിയ ആഗ്രഹത്തെപ്പററി ചോദിച്ചപ്പോഴും സുന്നത്ത്‌ ജമാഅത്തിലെ ഐക്യമെന്നായിരുന്നു സി.എമ്മിന്റെ മറുപടി.
തുടര്‍ സംഭാഷത്തിലുടനീളം സുന്നീ ഐക്യത്തിന്‌ സി.എം അബ്‌ദുല്ല മൗലവിയെന്ന പണ്ഡിത തേജസിന്റെ അതിയായ ആഗ്രഹം പ്രകടമായിരുന്നു.

പിതാവ്‌ ഖാസി സി.മുഹമ്മദ്‌കുഞ്ഞി മുസ്‌ല്യാരുടെ മരണ ശേഷം 1974 മുതല്‍ മരണം വരെ എരോല്‍ മുസ്‌ലിം ജമാഅത്തിന്റെ ഖാസിയും പ്രസിഡണ്ടുമായിരുന്ന സി.എമ്മിനെ കഴിഞ്ഞ ഡിസംബര്‍15 ന്‌ എരോലില്‍ വെച്ച്‌ കാഞ്ഞങ്ങാട്‌ സംയുക്‌ത ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ എരോല്‍ ജമാഅത്തിന്‌ വേണ്ടി ആദരിച്ചിരുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ഉസ്‌താദിന്റെ ചരിത്രം തേടിയുളള അന്വേഷണത്തിനിറങ്ങിയത്.
ഖാസി സി.എം.അബ്‌ദുല്ല മൗലവി തന്റെ ജീവിതത്തിലെ ഏററവും വലിയ ആഗ്രഹം ബാക്കിവെച്ചാണ്‌ വിട പറഞ്ഞ്‌ പോയത്‌. സമുദായം അകന്ന് കഴിയുന്നതിന്റെ എല്ലാ ഭവിഷ്യത്തുകളും ആഴത്തില്‍ മനസ്സിലാക്കുകയും ആ മുറിവിന്റെ വേദന പങ്കിടുന്നതില്‍ സി.എമ്മിന്റെ ഹൃദയ വിശാലതയും ചൂണ്ടിക്കാണിക്കാത്തവരാരുമുണ്ടാകില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പുത്തനാശയങ്ങള്‍ക്കെതിരെ ചട്ടഞ്ചാലില്‍ സംഘടിപ്പിച്ച സുന്നീ സമ്മേളനത്തിന്റെ അധ്യക്ഷന്‍ സി.എം.ഉസ്‌താദും മുഖ്യ പ്രഭാഷകന്‍ പേരോട്‌ അബ്‌ദുര്‍‍റഹിമാന്‍ സഖാഫിയുമായിരുന്നു. അന്ന് സി.എം ഉസ്താദിന്റെ ദീര്‍ഘായുസ്സിനും ആയുരാരോഗ്യത്തിനും സുന്നി ഐക്യത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയാണ് പേരോട് പ്രസംഗം അവസാനിപ്പിച്ചത്. മൂന്നര പതിററാണ്ടിലധികം നൂറോളം മഹല്ലു ജമാഅത്തുകള്‍ക്ക്‌ ആത്‌മീയ നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ മരണത്തെക്കുറിച്ച്‌ സമൂഹത്തില്‍ തെററിദ്ധാരണകള്‍ ഉണ്ടാക്കുന്നവര്‍ ഈ വിവാദങ്ങള്‍ അവസാനിപ്പിച്ച്‌ സി.എം സ്വപ്‌നം കണ്ട സമുദായ ഐക്യത്തിന്‌ ശ്രമിച്ചാല്‍ ആ മഹാനോട്‌ ചെയ്യുന്ന ഏററവും വലിയ ആദരവായിത്തീരുമെന്നതില്‍ സംശയമില്ല.



ആധുനിക ടെക്‌നോളജിയുമായുളള ഉസ്‌താദിന്റെ ബന്ധത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്‌ എം.ഐ.സി സമ്മേളന റിപ്പോര്‍ട്ടിംഗിനായി മഹിനാബാദില്‍ ചെന്നപ്പോഴാണ്. കമ്പ്യൂട്ടറും ഇന്റര്‍നെററും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുള്ള, ഇതേ നിരയിലുള്ള അപൂര്‍വ്വം പണ്ഡിതന്മാരില്‍ ഒരാളാണ് സി.എം ഉസ്‌താദ്. തന്റെ ഗോളശാസ്‌ത്ര നിരീക്ഷണങ്ങളിലും പഠനങ്ങളിലും ഇന്റര്‍നെററിനെ വളരെ അധികം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം അദ്ദേഹം തന്നെ എടുത്ത്‌ പറയുകയുണ്ടായി.
എം.ഐ.സിയുടെ അധിപനായിരുന്ന ഉസ്‌താദ്‌ ഖാസിയെന്ന നിലയിലും ഓരോ മഹല്ലിന്റെയും അത്താണിയായിരുന്നു. എരോലിനെ കൂടാതെ മേല്‍പ്പറമ്പ്‌, കളനാട്‌ തുടങ്ങി പരിസരത്തെ എല്ലാ ജമാഅത്തുകളുടെയും ജനറല്‍ ബോഡി യോഗങ്ങളുടെ നിയന്ത്രണം സി.എം.ഉസ്‌താദിന്‌ തന്നെയായിരുന്നു. അത്‌ കാരണം എത്ര വലിയ വിവാദ വിഷയങ്ങളായാലും തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണാന്‍ സി.എമ്മിന്റെ സാനിധ്യം കാരണം സാധ്യമാവാറുണ്ട്. ചെമ്പിരിക്കയിലെ ഉസ്‌താദിന്റെ വസതി സമൂഹത്തിലെ ഏത്‌ തര്‍ക്കങ്ങള്‍ക്കും പരിഹാരം തേടിയെത്തുന്നവരെ കൊണ്ട്‌ സജീവമായിരുന്നു. ഫെബ്രുവരി 15 ന്‌ രാവിലെ ശൈഖുനാ സി.എം. അബ്‌ദുല്ല മൗലവിയുടെ വിയോഗ വാര്‍ത്ത പുറത്ത്‌ വന്നത്‌ മുതല്‍ അറബിക്കടലിന്റെ ചാരത്തുളള കുന്നിന്‍ മുകളിലെ മഖാമിനടുത്ത്‌ തന്റെ പിതാവിനരികില്‍ ഖബറടക്കുന്നത് വരെ മാഹിനാബാദിലും മേല്‍പ്പറമ്പിലും കീഴൂരിലും ചെമ്പിരിക്കയിലും ജാതി മത ഭേദമന്യേ ആയിരങ്ങള്‍ അന്ത്യയാത്ര നല്‍കാന്‍ എത്തിയതും അവസാനമായി ജനാസ നിസ്‌കാരത്തിന്‌ ചെമ്പിരിക്ക കടപ്പുറത്ത്‌ ശൈഖുനയുടെ മയ്യിത്ത്‌ കൊണ്ടുവെച്ചപ്പോള്‍ ആര്‍ത്തിരമ്പുന്ന അറബിക്കടല്‍ ഒരു നിമിഷം നിശ്‌ചലമായിയെന്നത്‌ പോലും സി.എം.അബ്‌ദുല്ല മൗലവിയുടെ മഹത്വത്തെ വിളിച്ചോതുന്നതായിരുന്നു. ആപണ്ഡിത കുലപതിക്കായി നമ്മുക്ക്‌ പ്രാര്‍ത്ഥിക്കാം.



ശരീഫ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ