2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ഖാസിയുടെ മരണം: കൊലപാതകമെന്ന്‌ കുടുംബവും; ആക്ഷന്‍ കമ്മിററി പ്രക്ഷോഭം സംഘടിപ്പിക്കുന്നു

കാസര്‍കോട്‌: ഖാസി സി.എം. അബ്‌ദുല്ല മൗലവിയുടെ മരണത്തെ കുറിച്ചുളള ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആക്ഷന്‍ കമ്മിററി രൂപവത്കരിച്ചു. കീഴൂര്‍ മദ്രസയില്‍ ചേര്‍ന്ന വിവിധ മഹല്ല്‌ അംഗങ്ങളുടെ യോഗത്തിലാണ് കല്ലട്ര മാഹിന്‍ ഹാജി ചെയര്‍മാനും മജീദ്‌ ചെമ്പിരിക്ക കണ്‍വീനറുമായി ആക്ഷന്‍ കമ്മിററി നിലവില്‍ വന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി മാര്‍ച്ച്‌ രണ്ടിന്‌ ആയിരങ്ങളെ പങ്കെടുപ്പിപ്പ്‌ മേല്‍പ്പറമ്പ്‌ ടൗണില്‍ ധര്‍ണ്ണാസമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അതേ സമയം ഖാസിയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം തൃപ്‌തികരമല്ലെന്നും ഖാസിയുടെ മരുമകന്‍ മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ വ്യക്തമാക്കി. ഖാസിയുടെ മയ്യിത്ത് ഖബറടക്കിയ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ച് എസ്.കെ.എസ്.എസ്.എഫ് നേതാക്കളും മരണം കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ഖാസിയുടെ മരണം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് സാഹചര്യതെളിവുകളും പോലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥയും മുന്‍ നിര്‍ത്തി കുടുംബവും ഖാസിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നത്.



ഖാസിയുമായി ഏറ്റവും അടുത്ത കേന്ദ്രങ്ങള്‍ക്ക് മാത്രമേ അദ്ദേഹത്തെ പകല്‍ സമയത്ത് പോലും വീട്ടില്‍ നിന്നിറക്കിക്കൊണ്ടുവരാന്‍ സാധ്യമാകൂ എന്ന് വിശ്വസിക്കുന്നവരാണ് നാട്ടുകാര്‍. നട്ടപ്പാതിര നേരത്ത് പരസഹായമില്ലാതെ കടല്‍ത്തീരത്തെത്തിയതും ഊന്ന് വടിയും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സഥലവും മറ്റും കൊലപാതകമാണെന്ന് സംശയം ബലപ്പെടുത്തുന്നു. എന്നാല്‍ വാന നിരീക്ഷണത്തിനെത്തിയ ഖാസി വുളു(അംഗസ്നാനം)എടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കടലില്‍ വീണതാകാമെന്നും കരയില്‍ കണ്ട ചെരിപ്പും ഊന്ന് വടിയും മയ്യത്ത് കണ്ടെത്തുന്നതിന് മുന്‍പ് അത് വഴി കടന്ന്പോയ മത്സ്യത്തൊഴിലാളികളോ മറ്റോ പോലീസ് കണ്ടെത്തിയ സ്ഥലത്തേക്ക് മാറ്റിവെക്കുകയും മൃതദേഹം കണ്ടെത്തിയതറിഞ്ഞ് അന്വേഷണത്തെ ഭയന്ന് അക്കാര്യം മറച്ച് വെക്കുകയും ചെയ്യുന്നതാകാമെന്ന് നിഗമനത്തിലെത്തുന്നവരുമുന്‍ട്.



ഖാസി നേരത്തെ മാസപ്പിറവി വീക്ഷിക്കാന്‍ ജമാഅത്ത് ഭാരവാഹിയെ ഏര്‍പ്പാട് ചെയ്തതായും വിവരമുണ്ട്. മാസപ്പിറവി ദര്‍ശിക്കാതെയും ഖാസിയുടെ പ്രഖ്യാപനം വരുന്നതിന് മുന്‍പായി പരിസരത്തെ വിവിധ മഹല്ലുകലിലെ പള്ളികളില്‍ റബീഉല്‍ അവ്വലിന്റെ വരവറിയിച്ച് മൗലീദ് പാരായണം നടത്തിയിരുന്നു. മാസപ്പിറവി ഉറപ്പുവരുത്താനോ നക്ഷത്രങ്ങളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനോ ഗോളശാസ്ത്ര പഠനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഖാസി വീട്ടില്‍ നിന്നിറങ്ങിയതാകാമെന്ന് കരുതുന്നവരുമുണ്ട്. മയ്യിത്ത് കടല്‍ കൊണ്ടുപോകുന്നതിന് മുന്‍പ് തന്നെ മത്സ്യതൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടതിനെ അദ്ദേഹത്തിന്റെ കറാമത്ത്(അമാനുഷികത) ആയി വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഈയിടെ നടന്ന മാലിക് ദീനാര്‍ ഉറൂസ് വേദിയിലേക്ക് അദ്ദേഹം അല്‍പം നടന്ന് പോയതായി ചൂണ്ടിക്കാട്ടുന്ന അവര്‍, ഖാസി അസാധാരണമായി കടല്‍ക്കരയിലേക്ക് നടന്നെത്തിയതും അദ്ദേഹത്തിന്റെ കറാമത്ത് തന്നെയാനെന്നും വിശ്വസിക്കുന്നു.



അതിനിടെ അന്വേഷണം ഊര്‍ജ്‌ജിതമാക്കണെന്നാവശ്യപ്പെട്ട്‌ എസ്‌.പിയെ കണ്ട ബന്ധുക്കളെ ജില്ലാ പോലീസ് സുപ്രണ്ട് അപമാനിച്ചുവെന്ന് ഖാസിയുടെ മരുമകന്‍ മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ ആരോപിച്ചു. ഖാസി ആത്‌മഹത്യ ചെയ്‌തതാണെന്ന്‌ പറഞ്ഞ്‌ ഖാസിയുടെ മുറിയില്‍ നിന്നും കണ്ടെടുത്ത ബുര്‍ദയിലെ വരികള്‍ എഴുതിയ കുറിപ്പെടുത്ത്‌ കാണിക്കുകയും ആ കുറിപ്പ്‌ ഖസ്വീദത്തുല്‍ ബുര്‍ദയാണെന്ന്‌ പറഞ്ഞ്‌ ഖാസി എഴുതിയ പുസ്‌തകം തങ്ങള്‍ കാണിച്ചപ്പോള്‍ `അതൊന്നും എനിക്ക്‌ കാണേണ്ടെന്ന്‌ മറുപടി പറഞ്ഞതായും കുടുംബാംഗങ്ങളെ ജില്ലാ പോലീസ്‌ സുപ്രണ്ട്‌ അവഹേളിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങല്‍ മധ്യമങ്ങലെ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഖാസിയുടെ മരണം കൊലപാതകമാണെന്ന്‌ സംശയിക്കുന്ന തെളി‍വുകള്‍ ലഭിച്ചിട്ടുണ്ടെന്നും അത്‌ ഉന്നതാധികാരികളെ അറിയിക്കുമെന്നും ചെമ്പിരിക്ക സ്വദേശികളായ ഷംസുദ്ദീന്‍, താജുദ്ദീന്‍, മുസ്‌തഫ സര്‍ദാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ഇത് പെയിന്റ് തുടച്ചുകളയാന്‍ ഉപയോഗിച്ച തുണിക്കഷ്ണം മാത്രമാണെന്ന് പോലീസ് അറിയിച്ചു.



അതിനിടെ അന്വേഷണം മറെറാരു ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ആലോചിക്കുന്നതായി അറിയുന്നു. ക്രൈംബ്രാഞ്ച്‌ അന്വേഷിക്കണമെന്ന്‌ പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുളള ലീഗ് നേതാക്കള്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ആര്‍ക്കും ഒരു ശത്രുവിനെപോലും ചൂണ്ടിക്കാണിക്കാനാകാത്തതും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടുമാണ് പോലിസ് അവലംബിക്കുന്നത്. പല കിംവദന്തികളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുമ്പോഴും പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരേഗതിയില്ലാത്തത്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്ത് തന്നെയായാലും ഒരു മഹാമനീഷിയുടെ ആകസ്മിക മരണം ഉയര്‍ത്തുന്ന വേദനകളുടെ ആഴം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ വിവാദങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് നീങ്ങുന്നത് ഖാസിയെ സ്നേഹിക്കുന്ന മുഴുവന്‍ സമൂഹത്തിനും നൊമ്പരമാണ് ഉളവാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ