2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

ചെമ്പരിക്ക ഖാസിയുടെ മരണകാരണത്തെ കുറിച്ച്‌ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ അറിയിക്കും; കുറിപ്പില്‍ കണ്ടെത്തിയത്‌ അറബികാവ്യത്തിലെ വരികള്‍

ചെമ്പരിക്ക: തിങ്കളാഴ്‌ച്ച അന്തരിച്ച ചെമ്പരിക്ക-മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ അറിയിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഖാസിയുടെ കിടപ്പു മുറിയില്‍ നിന്നും പോലീസ്‌ കണ്ടെടുത്ത കുറിപ്പ്‌ അറബി കാവ്യത്തിലെ ഏതാനും വരികളാണെന്ന് അനുശോചന യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. പ്രവാചകനെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ ഇമാം ബൂസൂരി രചിച്ച അറബി കാവ്യത്തിന്റെ മലയാള തര്‍ജ്ജിമ നടത്തിയത്‌ ഖാസി സി.എം. അബ്ദുല്ല മൗലവിയായിരുന്നു. ഇതിന്റെ പ്രകാശനം അടുത്തിടെയായിരുന്നു നടന്നത്‌. പ്രവാചക കീര്‍ത്തനമായ ബുര്‍ദ്ദയിലെ വരികളാണ്‌ കുറിപ്പില്‍ കണ്ടെത്തിയതെന്നാണ്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞത്.
പോലീസ്‌ മുറിയില്‍ നിന്നും കണ്ടെത്തിയ ഈ കുറിപ്പ്‌ ആത്മഹത്യ കുറിപ്പാണെന്ന പ്രചരണം ശക്തമായ സാഹചര്യത്തിലാണ്‌ ബന്ധപ്പെട്ടവര്‍ ഇതേ കുറിച്ചുള്ള വിശദീകരണം നല്‍കിയിരിക്കുന്നത്‌. പോലീസ്‌ കണ്ടെത്തിയ ഈ കുറിപ്പ്‌ നേരത്തെ തന്നെ കാസര്‍കോട്‌ വാര്‍ത്തയ്‌ക്ക്‌ ലഭിച്ചിരുന്നു. ഈ കുറിപ്പില്‍ പ്രവാചകനെ കുറിച്ചുള്ള കാര്യങ്ങളാണ്‌ പറയുന്നത്‌. മരണം സംബന്ധിച്ചുള്ള പല ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിനാലാണ്‌ ഇതു സംബന്ധിച്ചുള്ള വിശദീകരണം പത്രസമ്മേളനത്തിലൂടെ അറിയിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്‌. കേരളത്തിലും ദക്ഷിണ കര്‍ണ്ണാടകയിലും ഗള്‍ഫ്‌ നാടുകളിലും ഖാസിയുടെ മരണം സംബന്ധിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്‌. ഈ ഊഹാപോഹങ്ങളൊന്നും വസ്‌തുതയ്‌ക്ക്‌ നിരക്കുന്നതല്ലെന്നും ബന്ധപ്പെട്ടവരും ബന്ധുക്കളും പറയുന്നു. ഖാസി മരിച്ചത്‌ കടല്‍വെള്ളം കുടിച്ചാണെന്ന്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ബലപ്രയോഗമോ മറ്റോ നടന്നതായി പോസ്‌റ്റുമോര്‍ട്ടത്തില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ല.
ഗോളശാസ്ത്ര പണ്ഡിതനായ ഖാസി സി.എം അബ്ദുല്ല മൗലവിക്ക് രാത്രികാലങ്ങളില്‍ വാന നിരീക്ഷണം നടത്തുന്ന പതിവുണ്ടായിരുന്നു. ഇത് കൂടാതെ രാത്രികാലങ്ങളില്‍ പിതാവിന്റെ ഖബറിടത്തില്‍ മഖാം സിയാറത്ത് നടത്താറുമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഉറക്കത്തില്‍ പിതാവിനെ സ്വപ്നം കണ്ട് വീടിന് പുറത്തിറങ്ങുകയും പിതാവിന്റെ മഖാമില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥനയോടേ നില്‍കുന്നതും പലരും കാണാറുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നു. വാന നിരീക്ഷണത്തിന് മുമ്പ് സുന്നത്ത് നിസ്കാരം നടത്താന്‍ വുളൂഹ് (അംഗസ്നാനം) നടത്താന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ കടലില്‍ മൂക്ക് കുത്തി വീഴാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഖാസി സ്വമേധയാ പുറത്ത് പോയിരിക്കാനുള്ള സാധ്യതയാണ് പോലീസും എത്തിചേര്‍ന്നിട്ടുള്ളത്. ഖാസി ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് മരിക്കാന്‍ പോയതാണെന്ന രീതിയില്‍ പോലീസ് പറഞ്ഞതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് യാതെരു അടിസ്ഥാനമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരാരും ഇത്തരമെരു കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി, പി.ഹബീബ് റഹ്മാനും, ഹൊസ്ദുര്‍ഗ്ഗ് സി.ഐ. കെ.അഷ് റഫും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ