2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

മാധ്യമം മരണ വാര്‍ത്ത‍

കാസര്‍കോട്: പ്രമുഖ പണ്ഡിതനും ചെമ്പിരിക്ക^മംഗലാപുരം ഖാദിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ്പ്രസിഡന്റുമായ സി.എം. അബ്ദുല്ല മുസ്ലിയാരെ (77) കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ചെമ്പിരിക്ക കടപ്പുറത്തെ പാറക്കൂട്ടങ്ങളില്‍നിന്ന് 50 മീറ്റര്‍ മാറി തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ചെരിപ്പ്, ഊന്നുവടി, ടോര്‍ച്ച് എന്നിവ പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ ആരോ എടുത്തുവെച്ചപോലെ കാണപ്പെട്ടു. രോഗബാധിതനും അവശനുമായിരുന്ന മുസ്ലിയാര്‍ക്ക് പരസഹായമില്ലാതെ ഒരുതരത്തിലും ചാടിക്കടന്ന് പാറക്കൂട്ടങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ നാട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. അതേസമയം, വെള്ളം അകത്തുചെന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.


കടലില്‍ മൃതദേഹം കണ്ട മല്‍സ്യത്തൊഴിലാളികള്‍ ബേക്കല്‍ പൊലീസില്‍ വിവരമറിയിച്ചശേഷം മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. കണ്ണിനു താഴെയായി ചെറിയ പരിക്കുണ്ട്. വിവരമറിഞ്ഞ് മംഗലാപുരമടക്കം മേഖലകളില്‍നിന്ന് നൂറു കണക്കിനാളുകള്‍ ചെമ്പിരിക്ക കടപ്പുറത്തേക്ക് ഒഴുകിയെത്തി.
ഞായറാഴ്ച തന്നെക്കൊണ്ട് പുതിയ താഴും താക്കോലും വാങ്ങിപ്പിച്ചതായി അബ്ദുല്ല മുസ്ലിയാരുടെ സ്ഥിരം ഡ്രൈവര്‍ ഹുസൈന്‍ പൊലീസിന് മൊഴി നല്‍കി. വീടിന്റെ മുന്‍വാതില്‍ ഈ താഴിട്ട് പൂട്ടിയിട്ടുണ്ട്. വീടിനോട് ചേര്‍ന്ന ഓഫിസ് മുറിയില്‍ ഉറങ്ങാന്‍ കിടന്ന മൌലവി അര്‍ധരാത്രിയോടെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റതായി ഭാര്യ ആയിഷ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി ആയിഷയും ഇളയമകള്‍ സഫീനയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഹുസൈന്‍ വീട്ടിലെ കാര്‍പോര്‍ച്ചിനോട് ചേര്‍ന്ന മുറിയിലാണ് കിടന്നിരുന്നത്. പുലര്‍ച്ചെ 3.30ഓടെ വാഹനത്തിന്റെ ശബ്ദം കേട്ടതായി സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കി. ഇദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ കാണപ്പെട്ട വാച്ച്, മൊബൈല്‍ഫോണ്‍, ഡയറി എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
'കാല്‍മുട്ടിന്റെ വേദന സഹിക്കാന്‍ കഴിയാത്തതിനാല്‍ അല്ലാഹുവിന് വിരുദ്ധമായത് ചെയ്യുന്നു' എന്ന് മലയാളത്തില്‍ എഴുതിയ കുറിപ്പ് കിടപ്പുമുറിയില്‍നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. കത്തിലെ കൈയക്ഷരം വീട്ടുകാര്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കാഞ്ഞങ്ങാട് സി.ഐ കെ. അഷ്റഫാണ് കേസ് അന്വേഷിക്കുന്നത്്്.


സമസ്ത ജില്ലാ പ്രസിഡന്റ്, സമസ്ത ഫത്വ കമ്മിറ്റിയംഗം, ചെമ്മാട് ദാറുല്‍ഹുദാ കോ^ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ്, കേന്ദ്ര മുശാവറ കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ദാറുല്‍ ഇര്‍ഷാദ് അക്കാദമി പ്രിന്‍സിപ്പല്‍, മാഹിനാബാദ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മുന്‍ ചെമ്പിരിക്ക ഖാദി പരേതനായ മുഹമ്മദ്കുഞ്ഞി മുസ്ലിയാരുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് ശാഫി, അബ്ദുല്‍മുനീര്‍, ഉസ്മാന്‍ (മൂവരും ദുബൈ), ഫാത്തിമത്ത് സുഹ്റ, ഹഫ്സ, റാബിയ, സഫീന. മരുമക്കള്‍: മുഹമ്മദ് അബ്ദുല്‍ഖാദര്‍ (ചെമ്പിരിക്ക ട്രാവല്‍സ് ഡയറക്ടര്‍), മുഹമ്മദ് ശാഫി (ദേളി), അബ്ദുല്ലക്കുഞ്ഞി ചേറ്റുകുണ്ട്, അബ്ബാസ് ഉദുമ പടിഞ്ഞാര്‍, ഖൈറുന്നിസ ഉദുമ, അസൂറ ഫോര്‍ട്ട് റോഡ്, ഫസീല പള്ളിക്കര.
തിങ്കളാഴ്ച വൈകീട്ട് ചട്ടഞ്ചാലിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ വിവിധ തുറകളില്‍നിന്നുള്ള നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു. ഖബറടക്കം ഇന്ന് രാവിലെ 10ന് ചെമ്പിരിക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. പരേതനോടുള്ള ആദരസൂചകമായി ചെമ്പിരിക്ക ഗവ. യു.പി സ്കൂള്‍, ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവക്ക് തിങ്കളാഴ്ച അവധി നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ