2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ചെമ്പരിക്ക ഖാസിയുടെ മരണം: മനുഷ്യാവകാശ സംരക്ഷണ സമിതി ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് പിന്നിലുള്ള സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ സമിതി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ആവശ്യപ്പെട്ടു. ഖാസിയുടെ മരണം ഗൗരവത്തോടെയല്ല പോലീസ് അന്വേഷിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പി.എ. റഹ് മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.

രാവിലെ 11മണിക്ക് എലൈറ്റ് ടൂറിസ്റ്റ് ഹോം പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറോളം പേര്‍ പങ്കെടുത്തു. ബഷീര്‍ മുട്ടുന്തല, അബ്ദുല്ല കുഞ്ഞി ഫാമിലി വെല്‍ഫയല്‍ സോസൈറ്റി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എം.എ.സിദ്ദീഖ്, ഉബൈദ് മുട്ടുന്തല, യൂനുസ് വടകരമുക്ക്, മുത്തലിബ് ആറങ്ങാടി, ഇബ്രാഹിം ചെര്‍ക്കള, ശറഫുദ്ദീന്‍ കുണിയ, ജാഫര്‍ മൂവാരിക്കുണ്ട്, തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ.പി മുഹമ്മദ് സ്വാഗതവും ഹമീദ് കുണിയ നന്ദിയും പറഞ്ഞു. വന്‍ പോലീസ് സന്നാഹം ടൗണ്‍ ഹാളിന് അടുത്ത് വെച്ച് മാര്‍ച്ച് തടഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ