2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

ചെമ്ബിരിക യുടെ നഷ്ടം

ഉത്തര മലബാറിന്റെ ആത്മീയ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പണ്ഡിതസാന്നിദ്ധ്യമായിരുന്ന സി.എം. ഉസ്‌താദ്‌ എന്ന ഖാസി സി.എം. അബ്‌ദുല്ല മൗലവി. ചെമ്പിരിക്ക ഖാസിയാര്‍ച്ച എന്നോ മംഗലാപുരം ഖാസിയാര്‍ച്ച എന്നോ ആണ്‌ നാട്ടുകാര്‍ ഉസ്‌താദിനെ സ്‌നേഹത്തോടെ വിളിക്കുന്നത്‌. വടക്കന്‍ കേരളത്തിന്റെ ആത്മീയ തണലും എല്ലാവരുടെയും പ്രശ്‌ന പരിഹാരത്തിനുള്ള കോടതിയും സമസ്‌തയുടെ ശബ്‌ദവുമാണ്‌ ഉസ്‌താദ്‌. ചുരുക്കിപ്പറഞ്ഞാല്‍, കാസര്‍ക്കോടിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍കൊണ്ടും പക്വതയാര്‍ന്ന നേതൃപാടവംകൊണ്ടും തുല്യതയില്ലാത്ത ഒരു നവോത്ഥാന നായകനായി ഉസ്‌താദിനെ കണ്ടെത്താനാകുന്നതാണ്‌. മെയ്‌ മറന്ന പ്രവര്‍ത്തനം, ദീര്‍ഘദൃഷ്‌ടി, സമര്‍പ്പണബോധം, ലക്ഷ്യബോധം എന്നിങ്ങനെ ഉസ്‌താദിന്റെ കാര്‍മസാഫല്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ അനവധിയുണ്ട്‌. ഒരു പ്രഭാഷകന്‍ എന്നതിലപ്പുറം കര്‍മത്തിന്‌ പ്രധാന്യം നല്‍കുന്ന ആളാണ്‌ ഉസ്‌താദ്‌. കാസര്‍കോട്‌ പോലെയുള്ള ഗള്‍ഫ്‌ സ്വാധീനമുള്ള ഒരു മേഖലയില്‍ ഉലമാക്കളെയും ഉമറാക്കളെയും ഒന്നിച്ചുനിര്‍ത്തി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നുവെന്നതുതന്നെ ആ പ്രവര്‍ത്തനക്ഷമതയുടെ ആഴം മനസ്സിലാക്കിത്തരുന്നു. ചെമ്പിരിക്ക ഖാസി എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാരുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1933 ല്‍ കാസര്‍കോട്‌ ജില്ലയിലെ ചെമ്പിരിക്ക എന്ന പ്രദേശത്താണ്‌ ഉസ്‌താദ്‌ ജനിക്കുന്നത്‌. പണ്ഡിത തറവാട്ടിലെ കുലപതിയായിട്ടാണ്‌ ഉസ്‌താദിന്റെ അരങ്ങേറ്റം. പിതാവ്‌ ഖാസി മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാര്‍ പ്രഗല്‍ഭ പണ്ഡിതനും നാടിന്റെ ആത്മീയ തീരവുമായിരുന്നു. പണ്ഡിതനും വാഗ്മിയുമായിരുന്ന അബ്‌ദുല്ല മുസ്‌ലിയാരാണ്‌ അവരുടെ പിതാവ്‌. അബ്‌ദുല്ലാഹില്‍ ജംഹരി എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌. ഉത്തര മലബാറിന്റെ പഴയകാല പ്രഭാഷണ വേദികളില്‍ നിറഞ്ഞുനിന്നിരുന്ന ആളായിരുന്നു അദ്ദേഹം. പിതാവ്‌ മുഹമ്മദ്‌ കഞ്ഞി മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍, വാഴക്കാട്‌, പൊന്നാനി അടക്കം വിവിധ സ്ഥലങ്ങളില്‍നിന്ന്‌ വിദ്യഅഭ്യസിച്ച മഹാനാണ്‌. 25 വര്‍ഷത്തോളം ചെമ്പിരിക്ക ഒറവങ്കര പള്ളിയില്‍ മുദരിസായി സേവനം ചെയ്‌തു. ഈ കാലയളവില്‍ അനവധി മഹല്ലുകളുടെ ഖാസി സ്ഥാനവും അലരിച്ചു. 1973 ഡിസംബര്‍ മാസം മരണപ്പെട്ടു. ശേഷം, തല്‍സ്ഥാനത്തേക്ക്‌ ഖാസിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ സി.എം. അബ്‌ദുല്ല മൗലവിയായിരുന്നു. തന്റെ പുരോയാനങ്ങളുടെ ആദ്യാകാലാംഗീകാരങ്ങളായിരുന്നു ഇത്‌. കുടുംബത്തിന്റെ മഹിമയും പാരമ്പര്യവും അണയാതെ സൂക്ഷിക്കാന്‍ അനുയോജ്യമായ കഴിവും തന്റേടവും എന്നും ഉസ്‌താദിന്റെ കൈമുതലായിരുന്നു. പിതാവ്‌തന്നെയായിരുന്നു സി.എം. ഉസ്‌താദിന്റെ പ്രഥമാധ്യാപകന്‍. ശേഷം, ചെമ്പിരിക്കയിലും പിന്നെ തളങ്കര മുസ്‌ലിം ഹൈസ്‌കൂളിലുമായി പഠനം പൂര്‍ത്തിയാക്കി. അന്ന്‌ എസ്‌.എസ്‌.എല്‍.സി വിജയിച്ചിരുന്നു. ചെറുപത്തില്‍തന്നെ പഠനരംഗത്ത്‌ ഉന്നത സാമര്‍ത്ഥ്യം തെളിയിച്ചിരുന്നു. അന്നുതന്നെ ഉറുദു, ഇംഗ്ലീഷ്‌ ഭാഷകളില്‍ പ്രാവീണ്യം നേടി. ഈ രണ്ട്‌ ഭാഷകള്‍ യഥേഷ്‌ടം കൈകാര്യം ചെയ്യുന്ന ഉസ്‌താദ്‌ ഇന്നും അന്നത്തെ ഭാഷാദ്ധ്യാപകരെ അനുസ്‌മരിക്കാറുണ്ട്‌. ഭാഷാപഠനം അനിവാര്യവും അത്‌ ഒരു മഹാലോകത്തേക്കുള്ള കവാടവുമാണെന്നാണ്‌ ഉസ്‌താദ്‌ പറയുന്നു. ഈ തിരിച്ചറിവായിരുന്നു ഉസ്‌താദിന്റെ പിന്നീടുള്ള ജീവിതത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും സമന്വയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും പ്രേരിപ്പിച്ചിരുന്നത്‌. നാട്ടിലെ ചില ദര്‍സുകളിലൂടെതന്നെയായിരുന്നു മതവിദ്യാഭ്യാസരംഗത്തുള്ള ഉസ്‌താദിന്റെയും ചുവടുവെപ്പുകള്‍. 1962 ല്‍ വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്തില്‍ പോയി ബാഖവി ബിരുദം നേടി. ഔദ്യോഗിക പഠനം കഴിഞ്ഞതോടെ അധ്യാപന രംഗം ഉസ്‌താദ്‌ ശ്രദ്ധിച്ചു. ഒറവങ്കര, എട്ടിക്കുളം, മാടായി-പുതിയങ്ങാടി എന്നിവിടങ്ങളില്‍ ദര്‍സ്‌ നടത്തി. എപ്പോഴും പ്രവര്‍ത്തനരംഗത്ത്‌ സജീവമായി നിലകൊള്ളുകയെന്നതാണ്‌ ഉസ്‌താദിന്റെ പ്രത്യേകത. വെറുതെയിരിക്കുകയെന്നത്‌ ഉസ്‌താദിന്‌ സാധിച്ചിരുന്നില്ല. അദ്ധ്വാനഫലങ്ങള്‍ ഭാവിതലമുറകള്‍ അനുഭവിക്കട്ടെയെന്നാണ്‌ ഉസ്‌താദ്‌ ആഗ്രഹിച്ചിരുന്നത്‌. വലിയൊരു ഭാഷാപണ്ഡിതനും ഗ്രന്ഥകാരനും എഴുത്തുകാരനുമാണ്‌ സി.എം. ഉസ്‌താദ്‌. ഇത്‌ ഏറെ അറിയപ്പെട്ടിട്ടില്ലെങ്കിലും ഇത്‌ തിരിച്ചറിഞ്ഞവര്‍ അനവധിയുണ്ട്‌. ഇംഗ്ലീഷ്‌, ഉറുദു, അറബി എന്നീ ഭാഷകളില്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നു. ആംഗലേയ വിദേശാതിഥികളുടെ സ്വീകരണ ചടങ്ങിലാണ്‌ പലപ്പോഴായും ഉസ്‌താദിന്റെ ആംഗലേയ ഭാഷണങ്ങള്‍ അധികമാളുകളും കേള്‍ക്കാറുള്ളത്‌. അറബിയില്‍ അസാധാരണ കഴിവാണ്‌ ഉസ്‌താദിനുള്ളത്‌. ഇതിനകം അറബിയില്‍ ധാരാളം പുസ്‌തകങ്ങള്‍ എഴുതിയിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം ആസ്‌ട്രോണമിയെക്കുറിച്ച്‌ ഇംഗ്ലീഷിലും ഒരു പുസ്‌തകം എഴുതി പ്രസിദ്ധീകരിക്കുകയുണ്ടായി. രചനകള്‍ ഉസ്‌താദിന്റെ ഒരു പഴയ സ്വാഭാവമാണ്‌. ചെറുപ്പം മുതല്‍തന്നെ എഴുതിയിരുന്നു. മുമ്പുകാലത്ത്‌ ഇറങ്ങിയിരുന്ന മാസികകളിലും സുവനീറുകളിലും ഉസ്‌താദിന്റെ പഠന പരമ്പരകള്‍തന്നെ കാണാവുന്നതാണ്‌. ഒരു പ്രത്യേക ഭാഷയും ഒഴുക്കുമാണ്‌ ഉസ്‌താദിന്റെത്‌. വശ്യതയാര്‍ന്ന ഭാഷ. ഇതിനകം പത്തോളം പുസ്‌തകങ്ങള്‍ ഉസ്‌താദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. ഇതില്‍ അറബിയും മലയാളവും ഇംഗ്ലീഷും പെടും. ഇല്‍മുല്‍ ഫലക്കിലെ അഗാധ പണ്ഡിതനായതുകൊണ്ടുതന്നെ ഉസ്‌താദിന്റെ അധികം രചനകളും ഈ വിഷയവുമായിബന്ധപ്പെട്ടാണ്‌ പുറത്തുവന്നിട്ടുള്ളത്‌. വിവര്‍ത്തനങ്ങളും അല്ലാത്തവയുമായി പ്രസിദ്ധീകരിക്കപ്പെടാത്ത പുസ്‌തകങ്ങളും ഉസ്‌താദിന്റെ അടുത്തുണ്ട്‌. പള്ളിദര്‍സില്‍ പഠിപ്പിച്ചിരുന്ന കാലംമുതല്‍തന്നെ ഉസ്‌താദ്‌ ഗവേഷണങ്ങള്‍ നടത്തുകയും അവ പുസ്‌തകമായി എഴുതിവെക്കുകയും ചെയ്യുമായിരുന്നു. ഇന്നും ഉസ്‌താദിന്റെ ശെല്‍ഫില്‍ ഒന്നിനടിയില്‍ മറ്റൊന്നായി പല പുസ്‌തകങ്ങളും കാണാവുന്നതാണ്‌. പ്രസിദ്ധീകരിക്കപ്പെട്ട ഉസ്‌താദിന്റെ ചില പുസ്‌തകങ്ങള്‍ ഇവയാണ്‌: 1) തസ്‌വീദുല്‍ ഫികരി വല്‍ ഹിമം ഫീ തബ്‌യീനി ന്നിസാബി വല്‍ ലോഗാരിതം. 2) ഇല്‍മുല്‍ ഫലക്ക്‌ അലാ ളൗഇ ഇല്‍മില്‍ ഹദീസ്‌. 3) ഇസ്‌ത്തിഖ്‌റാജു ഔഖാത്തിസ്സ്വലാത്തി വ സുമൂത്തില്‍ ഖിബ്‌ല അനില്‍ ജിഹത്തില്‍ അസ്‌ലിയ്യ. 4) ആദാബുസ്സ്വിയാമി വ ഫവാഇദുഹാ. 5) അല്‍ ബൂസ്വിലത്തുല്‍ മിഗ്നാഥീസിയ്യ: വ ഇന്‍ഹിറാഫുഹാ അനില്‍ ജിഹത്തില്‍ അസ്‌ലിയ്യ. 6) ചരിത്ര ശകലങ്ങള്‍. മൗലിദ്‌ രചനയിലും അറബിമലയാള സാഹിത്യത്തിലും തന്റെതായ ഒരു സംഭാവനകൂടി അര്‍പ്പിച്ച ഒരു വ്യക്തിയാണ്‌ സി.എം. ഉസ്‌താദ്‌. മനോഹരമായ കാവ്യതല്ലജങ്ങളോടെ അറബി ഭാഷയില്‍ അദ്ദേഹം മൗലിദുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഫത്തഹുല്‍ കന്‍സ്‌ എന്ന പേരില്‍ ചെമ്പിരിക്കയിലെ മഖാമില്‍ അന്തിയുറങ്ങുന്ന മഹാനെക്കുറിച്ച്‌ തയ്യാറാക്കിയ അറബിമലയാള മാലയാണ്‌ ഏറെ മനോഹരം. ചെമ്പിരിക്ക മാല എന്നപേരില്‍ നാട്ടുകാര്‍ക്കിടയില്‍ ഇന്നും ഇത്‌ പ്രസിദ്ധമാണ്‌. 1961 ല്‍ തിരൂരങ്ങാടിയില്‍വെച്ചാണ്‌ ഇത്‌ അച്ചടിച്ചത്‌. പഴയകാല അറബി മലയാള മാലകളുടെ സര്‍വ്വ സൗന്ദര്യവും ആവാഹിച്ച ഇവ ഉസ്‌താദിന്റെ സര്‍ഗാത്മകതയുടെ ആഴം തുറന്നുകാട്ടുന്നു. അന്വേഷിക്കുംതോറും നമ്മെ ഏറെ വിസ്‌മയിപ്പിക്കുന്ന ഒരു പ്രതിഭാസംതന്നെയാണ്‌ സി.എം ഉസ്‌താദ്‌. ഒരു ആധുനിക പണ്ഡിതന്‍ എന്ന നിലക്ക്‌ അദ്ദേഹം കയറിപ്പോയ വഴികള്‍ നമ്മെ അല്‍ഭുതപ്പെടുത്തുന്നതാണ്‌. എന്നും ഏറെ ജിജ്ഞാസുവായി കാണപ്പെടുന്ന ഉസ്‌താദ്‌ ഗോളശാസ്‌ത്രത്തിന്റെ പുതിയ പുതിയ മേഖലകളിലേക്ക്‌ ആധുനിക സാങ്കേതിക സഹായത്തോടെ കടന്നുപോവുകയാണ്‌. ലാപ്‌ടോപ്പിന്റെയും നെറ്റിന്റെയും ഉപയോഗം ഈ രംഗത്തെ ഉസ്‌താദിന്റെ അന്വേഷണങ്ങളെ ഏറെ സഹായിച്ചിട്ടുണ്ട്‌. സമസ്‌ത വൈസ്‌ പ്രസിഡന്റ്‌, സമസ്‌ത കാസര്‍കോട്‌ ജില്ല പ്രസിഡന്റ്‌, മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌ പ്രസിഡന്റ്‌, ദാറുല്‍ ഇര്‍ശാദ്‌ അക്കാദമി പ്രിന്‍സിപ്പാള്‍ തുടങ്ങി അനവധി സ്ഥാനമാനങ്ങള്‍ വഹിക്കുന്നുണ്ട്‌ ഇന്ന്‌ അദ്ദേഹം. കോട്ട അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിയോഗാനന്തരം മംഗലാപുരം ഖാസിയായും അദ്ദേഹം സേവനം ചെയ്‌തുവരുന്നു. പണ്ഡിതന്‍, നിയമാധിപന്‍, സംഘാടകന്‍, പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ ഉസ്‌താദ്‌ ചെയ്‌തുതീര്‍ത്ത പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലഘനീയമാണ്‌. യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌

1 അഭിപ്രായം:

  1. anyeshanam purogamikkumboolum end kond manappoorvvam chila gourava mulla karyangal olipppich vekkunnu annu morning kazhi yudey veettil vanna Car endinayirunnu ayaal vannath. ayal paranjath viswasikkunenkil ellavarum parayunnathaley sheri ayaley sherikkum chodyam cheyanam narco analysis cheyyanam ethra valiya pramaani marayaalum athu purathu varanam kazhiyudey mukham oru criminalin unarnirikkumbol polum nokkan pattulla pinney alley urangunna mukam nokkuka

    മറുപടിഇല്ലാതാക്കൂ