2010, ഫെബ്രുവരി 17, ബുധനാഴ്‌ച

അബ്ദുല്ലമുസ്ലിയാരുടെ മരണം കൊലപാതകമെന്ന് സംശയം -എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം. അബ്ദുല്ല മുസ്ലിയാരുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതിനാല്‍ പൊലീസ് അടിയന്തരമായി ആ വഴിക്ക് അന്വേഷണം നടത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചെമ്പിരിക്ക ഖാദിയായ മുസ്ലിയാര്‍ മംഗലാപുരം ഖാദി കൂടിയായി നിയമിക്കപ്പെട്ടതോടെ ഒരു മുസ്ലിംസംഘടനക്ക് സംഘടനാപരമായ വിരോധമുണ്ടായിട്ടുണ്ട്. ഒരുതവണ അദ്ദേഹത്തെ തടഞ്ഞുവെക്കുകയുണ്ടായി. ഫോണിലും കത്തിലൂടെയും നിരവധി ഭീഷണികള്‍ ഉണ്ടായി. മംഗലാപുരം ഖാദി സ്ഥാനം ഏറ്റെടുത്താല്‍ തട്ടിക്കളയുമെന്നുവരെ അവര്‍ ഭീഷണിപ്പെടുത്തി. ശത്രുപക്ഷത്തെ കൈയൂക്കുകൊണ്ട് നേരിടുന്ന സംഘടനയാണത്. അതിനാല്‍ ആ നിലക്ക് പൊലീസ് അന്വേഷണം നടത്തണം. കൊലക്ക് പിന്നില്‍ മറ്റാരെങ്കിലുമാണോ എന്നതും അന്വേഷിക്കണം. ഇതൊന്നും നടത്താതെ ആത്മഹത്യയോ അസ്വാഭാവികമരണമോ ആക്കിത്തീര്‍ത്ത് അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള പൊലീസിന്റെ തത്രപ്പാട് സംശയാസ്പദമാണ്^ഫൈസി വ്യക്തമാക്കി.അവശനും പരാശ്രിതനുമായ അബ്ദുല്ല മുസ്ലിയാരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും അദ്ദേഹത്തിന്റെ ചെരിപ്പും ഊന്നുവടിയും കണ്ട ഇടവും പരിശോധിച്ചാല്‍ സ്വാഭാവികമരണമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മറ്റാരുടെയെങ്കിലും സഹായമില്ലാതെ അദ്ദേഹത്തിന് അവിടെയെത്താന്‍ ഒരുതരത്തിലും കഴിയില്ല. അതല്ലെങ്കില്‍ ഏതെങ്കിലും ശക്തി ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവാം. പൊലീസ് കണ്ടെടുത്ത ടോര്‍ച്ച് അദ്ദേഹത്തിന്റേതല്ലെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതൊന്നും അന്വേഷിക്കാതെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ പൊലീസ് ശ്രമിച്ചാല്‍ അത് അനുവദിക്കില്ല'.'മംഗലാപുരം ഖാദിയായി ചുമതലയേറ്റതിനുശേഷം ഒരു സംഘടനയിലെ പലരും അദ്ദേഹത്തിന്റെ സംഘടനയിലേക്ക് വന്നിട്ടുണ്ട്. ഇതില്‍ സംഘടനാപരമായ ശത്രുതയുണ്ട്. അദ്ദേഹത്തിന്റെ മുറിയില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പ്രചരിപ്പിക്കുന്നു. ഇസ്ലാം ഏറ്റവും വെറുക്കുന്ന ആത്മഹത്യയിലേക്ക് നയിക്കാന്‍ ഒരു മുസ്ലിം പണ്ഡിതന് ഒരിക്കലും കഴിയില്ല. സ്ഥിരമായി കവിത രചിച്ച് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്നയാളായിരുന്നു അദ്ദേഹം. പ്രവാചകന്റെ ജീവിതവുമായി ബന്ധപ്പെട്ട 'ബുര്‍ദ'യില്‍ കാല്‍മുട്ടുമായി ബന്ധപ്പെട്ട ശകലങ്ങളുണ്ട്. അത്തരമൊരു കവിതയെ ആത്മഹത്യാകുറിപ്പാക്കി മാറ്റുകയാണിപ്പോള്‍ പൊലീസ്' ^അദ്ദേഹം വിശദീകരിച്ചു.ഒരു മതപണ്ഡിതന്റെ ദാരുണമരണത്തെ പൊലീസ് ഇത്ര ലാഘവമായി കാണരുത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വീടിനടുത്ത് ഒരു വാഹനം വന്നതായി സമീപവാസികള്‍ പറയുന്നു. എന്നാല്‍, കൃത്യമായ തെളിവുകളെല്ലാം നശിപ്പിച്ച് അന്വേഷണം തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.പ്രതികള്‍ ആരൊക്കെയെന്ന് ഞങ്ങള്‍ക്കറിയില്ല. അത് അന്വേഷിക്കേണ്ടത് പൊലീസാണ്. പൊലീസ് സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്ന് മേലധികാരികള്‍ അന്വേഷിക്കട്ടെ. കേസ് ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് സംഘടന നേതൃത്വം നല്‍കും ^നാസര്‍ ഫൈസി മുന്നറിയിപ്പ് നല്‍കി.ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമി, ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, റസാഖ് ദാരിമി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ